പുരാണപ്പെട്ടി

പുരാണപ്പെട്ടി

Friday, January 24, 2014

മാതാ പിതാ..... ഗണപതിയുടെയും സുബ്രഹ്മണ്യന്റെയും മത്സരം

ഭാരതീയ  സംസ്കാരത്തിന്റെ കാതലായ  സന്ദേശമാണ്  "മാതാ-പിതാ- ഗുരു-ദൈവം" എന്ന സങ്കൽപ്പം. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ മാതാവിനും പിതാവിനും ഗുരുവിനും ദൈവത്തിനും വിവിധ ധർമ്മങ്ങളുണ്ട്.  നമ്മെ ഈ പ്രപഞ്ചത്തിലേയ്ക്ക് കൊണ്ടുവന്ന മാതാവിനാണത്രേ എന്നും നമ്മുടെ മനസ്സിൽ പ്രഥമസ്ഥാനം നൽകേണ്ടത്.  ജനനത്തിന് കാരണഭൂതനായ പിതാവിനെ മാതാവ് കാട്ടിത്തരുന്നു.  ദ്വിതീയനല്ലെങ്കിലും അടുത്ത സ്ഥാനം  പിതാവിനു തന്നെ.  ക്രമേണ, മാതാവും പിതാവും കൂടി നമ്മുടെ ഗുരുവിനെ കണ്ടെത്തുന്നു.  പിന്നീടങ്ങോട്ട് ജന്മത്തിന്റെ അടുത്ത ഘട്ടമായി ഗുരുവിൽ നിന്ന് അക്ഷരങ്ങളും അനുഭവങ്ങളും പാഠങ്ങളും ഒക്കെ ഉൾക്കൊണ്ട്, ശരിയായ ജ്ഞാനത്തിലൂടെ ഈശ്വരനെ അനുഭവിക്കാൻ കഴിയുന്നു.  താത്ത്വികമായി പറഞ്ഞാൽ, മനുഷ്യന് മാതാവ് ഭൂമിയും പിതാവ് മനസ്സും (ചിന്ത), ഗുരു ബോധവും ആകുന്നു. ഇതിന്റെയെല്ലാം സാക്ഷാത്കാരമാണ് ഈശ്വരൻ.
മാതാവിനെയും പിതാവിനെയും ആദരിക്കുന്നതിനെക്കുറിച്ചുള്ള ഒരു ചെറിയ കഥ നമ്മുടെ പുരാണങ്ങളിൽ കാണുന്നത് നമുക്ക് ഒന്ന് ഓർത്തെടുക്കാം. കൈലാസത്തിൽ പരമശിവനും പാർവതിയും മക്കളായ ഗണപതിയും സുബ്രഹ്മണ്യനും സന്തോഷത്തോടെ ഇരിക്കുന്ന സമയം.  ഒരു മാമ്പഴം പങ്കുവയ്ക്കുന്നതിനെ ചൊല്ലി ഗണപതിയും സുബ്രഹ്മണ്യനും തമ്മിൽ തർക്കമായി.  മാമ്പഴം മുഴുവനായി തങ്ങൾക്ക് വേണമെന്ന് രണ്ടുപേരും വാശിപിടിച്ചു.  ശിവപാർവ്വതിമാർ ആകെ ധർമ്മസങ്കടത്തിലായി.  രണ്ടു മക്കളും തങ്ങൾക്ക്  ഒരുപോലെയാണ്, പിന്നെങ്ങനെ ഒരാൾക്ക് മാത്രമായി നൽകും. ഒടുവിൽ അവർ ഒരു പന്തയം നടത്താൻ തന്നെ തീരുമാനിച്ചു.  “കുഞ്ഞുങ്ങളേ, നിങ്ങൾ രണ്ടുപേരും തമ്മിൽ ഒരു ചെറിയ മത്സരം അതിൽ വിജയിക്കുന്നയാൾക്ക് ഈ മാമ്പഴം മുഴുവനായി തരാം.. പരമശിവൻ പറഞ്ഞു.
ഗണപതിയും സുബ്രഹ്മണ്യനും ഇത് സമ്മതിച്ചു.. എന്താണ് മത്സരം എന്നറിയാൻ അവർക്ക് ആകാംക്ഷയായി. “നിങ്ങൾ രണ്ടുപേരും മൂന്നു തവണ ഈ പ്രപഞ്ചം ചുറ്റി ഇവിടെ വരണം.  ആര് ആദ്യം അത് പൂർത്തിയാക്കുന്നുവോ അവനാണ് വിജയി.” വെറും ഒരു മാമ്പഴത്തിന്റെ പേരിലായാലും മത്സരം മത്സരം തന്നെയല്ലേ.  രണ്ടുപേരും മത്സരത്തിനു തയ്യാറായി.   സമയം ഒട്ടും തന്നെ പാഴാക്കാതെ സുബ്രഹ്മണ്യൻ തന്റെ വാഹനമായ മയിലിന്റെ പുറത്തുകയറി പ്രപഞ്ചം ചുറ്റാനാരംഭിച്ചു. മോദകപ്രിയനായ ഗണപതി വളരെ സാവധാനം, ഒരു ധൃതിയുമില്ലാതെ മോദകവും കഴിച്ചങ്ങനെ ഇരുന്നു. ഗണപതി ചിന്തിച്ചു,കൈലാസത്തിലിരിക്കുന്ന ശിവനും പാർവ്വതിയുമല്ലേ ഈ പ്രപഞ്ചത്തിന്റെ പ്രഭവസ്ഥാനം.  പ്രപഞ്ചം നിറഞ്ഞു നിൽക്കുന്ന ഇവരുടെ പ്രതിബിംബം മാത്രമല്ലേ പ്രകൃതി. സ്വന്തം മാതാപിതാക്കളെ പ്രദക്ഷിണം വയ്ക്കുന്നതാണ് ഉലകിനു വലം വയ്ക്കുന്നതിനേക്കാൾ പുണ്യമെന്ന് അദ്ദേഹം കരുതി. ഇതിനിടയിൽ സുബ്രഹ്മണ്യൻ പ്രപഞ്ചത്തിന് ഒരു വലം വച്ച് കൈലാസത്തിലെത്തി.  ഗണപതി ഇതുവരെയും ഇവിടെത്തന്നെയിരിക്കുന്നതിൽ സുബ്രഹ്മണ്യന് അത്ഭുതവും, ഒപ്പം താൻ തന്നെ വിജയിയാവുമെന്ന സന്തോഷവും തോന്നി. അദ്ദേഹം തന്റെ രണ്ടാം വട്ടം ആരംഭിച്ചു.  ഗണപതിയ്ക്ക്  ഒരു കൂസലുമില്ല. സുബ്രഹ്മണ്യൻ രണ്ടാം വട്ടവും പൂർത്തിയാക്കി കൈലാസത്തിലെത്തി.  ഇത്തവണ ഗണപതിയോട് ഇതുവരെ മത്സരത്തിൽ പങ്കുചേരാത്തതെന്തെന്ന് അന്വേഷിക്കുകയും ചെയ്തു.  ഗണപതി തന്റെ മറുപടി ഒരു ചെറുചിരിയിലൊതുക്കി കണ്ണുകളടച്ച് നാമജപം തുടങ്ങി.   താൻ തന്നെ വിജയി എന്നുറപ്പിച്ച് സുബ്രഹ്മണ്യൻ അവസാനവട്ട വലംവയ്ക്കനിനു പുറപ്പെട്ടു. 

കുറച്ചു നേരം കണ്ണുകളടച്ച് നാമം ജപിച്ചശേഷം ഗണപതി, തന്റെ മാതാപിതാക്കളുടെ മുന്നിലെത്തി അവരെ നമസ്കരിച്ച് അനുഗ്രഹം വാങ്ങി. ഞാനിതാ മത്സരത്തിനു തയ്യാർ എന്ന് പറഞ്ഞുകൊണ്ട് ഗണപതി ശിവപാർവ്വതിമാരെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് “പുതൃദേവോ ഭവ:, മാതൃദേവോ ഭവ” എന്ന മന്ത്രോച്ചാരണത്തോടേ തന്റെ മാതാപിതാക്കൾക്കു ചുറ്റും വലം വയ്ക്കാനാരംഭിച്ചു. സമയം പാഴാക്കാത്തെ എത്രയും വേഗം സുബ്രഹ്മണ്യനോട് മത്സരിച്ച് പ്രപഞ്ചത്തെ വലം വച്ചു വരാൻ അവർ ഗണപതിയെ ഉപദേശിച്ചു. മൂന്നുവട്ടം മാതാപിതാക്കളെ വലം വച്ച് തിരികെ വന്ന് വീണ്ടും അവരെ നമസ്കരിച്ച് അനുഗ്രഹം വാങ്ങി.
ഇതിനിടെ സുബ്രഹ്മണ്യൻ മൂന്നാം വട്ടം പ്രപഞ്ചം ചുറ്റി കൈലാസത്തിൽ മാതാപിതാക്കളുടെ സന്നിധിയിലെത്തി. താൻ മത്സരത്തിൽ വിജയിച്ചെന്നും സമ്മാനം തനിക്ക് വേണമെന്നും സുബ്രഹ്മണ്യൻ അവകാശപ്പെട്ടു.  താനാണ് വിജയിയെന്ന് ഗണപതിയും അവകാശപ്പെട്ടു. എന്നിട്ട് തന്റെ മാതാപിതാക്കളെ നോക്കി പറഞ്ഞു, “പ്രപഞ്ചത്തിനു ചുറ്റുമുള്ള  എന്റെ പ്രദക്ഷിണം ഇതാ പൂർത്തിയായിരിക്കുന്നു” എന്നിട്ട് പരമശിവനോടായി പറഞ്ഞു, “ആദരണീയനായ അച്ഛാ, വേദങ്ങൾ കുടികൊള്ളുന്നത് അവിടുത്തെ നാവിൻതുമ്പിലാകുന്നു.  ഈ പ്രപഞ്ചത്തിലെ വിശുദ്ധമായതെന്തൊക്കെയോ അതെല്ലാം ചേർന്ന സ്വരൂപമാണ് അങ്ങ്.  ‘പിതൃ ദേവോ ഭവ:’, അതായത് അച്ഛനെ തന്റെ ദൈവമായി കാണണം എന്നാണ് എന്റെ ഗുരുക്കന്മാർ പഠിപ്പിച്ചിരിക്കുന്നത്. 
തുടർന്ന് തന്റെ മാതാവായ പാർവ്വതിയോടായി, “പ്രിയപ്പെട്ട അമ്മേ, അവിടുന്ന് ഈ പ്രപഞ്ചത്തിന്റെ തന്നെ ഊർജ്ജമായ ശക്തിയുടെ അവതാരമാകുന്നു.  എന്റെ മാതാപിതാക്കളെ വലം വയ്ക്കുന്നത് ഈ പ്രപഞ്ചത്തെ തന്നെ വലംവയ്ക്കുന്നതിനെക്കാൾ ഉത്കൃഷ്ടമായാണ് ഞാൻ കരുതുന്നത്".
പ്രപഞ്ചത്തെ വലംവയ്ക്കാതെ തന്നെ ഗണപതി പരിപൂർണ്ണ പക്വത നേടിക്കഴിഞ്ഞതായി ശിവപാർവ്വതിമാർ മനസ്സിലാക്കി.  മനം നിറഞ്ഞ അവർ മകനെ വാരിപ്പുണർന്നു.
മാതാ പിതാ ഗുരു ദൈവ സങ്കൽപ്പത്തെ ഇത്രയും മനോഹരമായി ചിത്രീകരിക്കാൻ മറ്റൊരു കഥയ്ക്കും കഴിയില്ല. ഗുരുഭക്തിയുടെ തീവ്രത മനസ്സിലാക്കി തരുന്ന അനവധി കഥകൾ നമ്മുടെ പുരാണങ്ങളിലുണ്ട്. അവയിലൊരു കഥയുമായി ഉടനെ വീണ്ടും വരാം എല്ലാവർക്കും നന്മ വരട്ടേ.
385/0

Saturday, January 4, 2014

മഹാഭാരത രചന



എല്ലാ കാര്യത്തിലും ആദ്യം സ്തുതിയ്ക്കുന്ന ഗണപതിയെ കുറിച്ചുള്ളതു തന്നെയാകട്ടേ തുടക്കം.  ഭാരതപൈതൃകത്തിലെ അഞ്ചാമത്തെ വേദം എന്ന സ്ഥാനമുള്ള മഹാഭാരത രചനയെക്കുറിച്ചുള്ള കഥ കേൾക്കാം.
വ്യാസമുനി ഹിമാലയത്തിൽ കഠിനമായ തപസ്സനുഷ്ഠിക്കുകയായിരുന്നു.  തപസ്സിനൊടുവിൽ  ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ട് ലോകനന്മയ്ക്കായി മഹാഭാരതം രചിയ്ക്കുവാൻ നിർദ്ദേശിച്ചു.  ഇത്രയും  ബൃഹത്തായ ഗ്രന്ഥരചനയും അതിന്റെ ആലേഖനവും തനിക്ക് ഒറ്റയ്ക്ക് ചെയ്യാനാവില്ലെന്ന നിസ്സഹായത വ്യാസൻ  ബ്രഹ്മാവിനെ അറിയിച്ചു.  അതിനാൽ, താൻ അതിന്റെ വരികൾ ചൊല്ലുന്നതിനൊപ്പം തന്നെ അതിന്റെ ആലേഖനം നടത്തുവാൻ തക്ക അറിവും വിവേകവും തികഞ്ഞ ഒരാളെ തന്റെ സഹായത്തിനായി നിയോഗിക്കണമെന്ന്  വ്യാസൻ ബ്രഹ്മാവിനോട് അഭ്യർത്ഥിച്ചു.  ഇത്രയും മഹത്തായ രചനയ്ക്ക് അത്രയും തന്നെ ക്ഷമയും കഴിവും ഉള്ള ആൾ തന്നെ വേണമല്ലോ.
ഒരു നിമിഷം ആലോചിച്ച ശേഷം ബ്രഹ്മദേവൻ, ഇക്കാര്യത്തിൽ ഗണപതിയെ സമീപിക്കാൻ ഉപദേശിച്ചു. ഇതനുസരിച്ച് വ്യാസൻ ഗണപതിയെ സന്ദർശിച്ച് തന്റെ ആവശ്യം അറിയിച്ചു.   വളരെ നേരത്തെ ആലോചനയ്ക്ക് ശേഷം ഗണപതി, തനിക്ക്  ഇതിനായി നീക്കിവയ്ക്കാൻ അധികം സമയമില്ലെന്നും അതിനാൽ മഹാഭാരതശ്ലോകങ്ങൾ ചൊല്ലിത്തുടങ്ങിയാൽ അവസാനം വരെ നിർത്താതെ ചൊല്ലണമെന്നും ഇതിന് ഭംഗം വന്നാൽ താൻ എഴുത്ത് നിർത്തുമെന്നും പറഞ്ഞു.  മഹാഭാരതത്തിന്റെ ദീർഘമായ ഘടനയിൽ ഇടയ്ക്ക് നിർത്തി വിശ്രമിക്കാതെ ചൊല്ലുക എന്നത് തികച്ചും അപ്രായോഗികമാണെന്ന് വ്യാസന് അറിയാമായിരുന്നു. പക്ഷേ വേറെ ആര് എഴുതിയാലും ഗണപതിയോളം ശരിയാവില്ല.  അതിന് വ്യാസൻ തന്നെ ഒരു ഉപായം കണ്ടുപിടിച്ചു.  താൻ നിർത്താതെ ശ്ലോകം  ചൊല്ലാമെന്നും എന്നാൽ ഗണപതി ഓരോ ശ്ലോകത്തിന്റെയും അർത്ഥം പൂർണ്ണമായി മനസ്സിലാക്കിയതിനുശേഷം മാത്രമേ എഴുതാൻ പാടുള്ളൂ എന്നും വ്യാസൻ വ്യവസ്ഥ വച്ചു.  ഗണപതി അത് അംഗീകരിച്ചു.
അങ്ങനെ വ്യാസൻ മഹാഭാരത രചന ആരംഭിച്ചു.  ഗണപതി വ്യാസന്റെ ചൊല്ലലിനനുസരിച്ച് എഴുതിക്കൊണ്ടിരുന്നു.  പലപ്പോഴും ഗണപതിയുടെ വേഗതയ്ക്കൊപ്പമെത്താൻ വ്യാസനായില്ല.  അപ്പോഴൊക്കെ വളരെ കഠിനമായ ശ്ലോകങ്ങൾ ചൊല്ലി, അവയുടെ അർഥം മനസ്സിലാക്കാൻ ഗണപതിയെടുക്കുന്ന സമയം വ്യാസന് വിശ്രമിക്കാനായി. മഹാഭാരതത്തിലെ ഒരു ലക്ഷത്തിലധികം ശ്ലോകങ്ങൾ എഴുതിത്തീർത്തപ്പോൾ ലോകത്തിലെ ഏറ്റവും മഹത്തരമായ ഇതിഹാസത്തിന്റെ ജന്മമായി.  ‘വ്യാസോച്ഛിഷ്ടം ജഗത്‌സർവ്വം’ എന്നല്ലേ പ്രമാണം.  അതായത്, വ്യാസന്റെ രചനകളിലില്ല്ലാത്തത് മറ്റൊരിടത്തുമില്ല. എവിടെയുമുള്ളത് ഇതിലുണ്ട്. ഇന്ന് നമുക്ക് ചുറ്റും നടക്കുന്ന  എല്ലാ കഥകളും സംഭവങ്ങളും ഒക്കെ നമ്മുടെ പുരാണങ്ങളിലും ഇതിഹാസങ്ങളിലും പലയിടത്തും പലരീതിയിലും പറഞ്ഞിട്ടുള്ളവതന്നെ.  ഒരു ലക്ഷത്തിലധികം ശ്ലോകങ്ങളിലൂടെ, അനേകം കഥകളും ഉപകഥകളും സമസ്യകളും തത്ത്വചിന്തകളും ഒക്കെയായി ഭാരതത്തിന്റെ പൈതൃകത്തിൽ ജ്വലിക്കുന്ന വിളക്കായി ഇന്നും മഹാഭാരതം നിറഞ്ഞു നിൽക്കുന്നു.  അനേകമനേകം വ്യാഖ്യാനങ്ങളും ഉപാഖ്യാനങ്ങളും പഠനങ്ങളും ഇന്നും മഹാഭാരതം അടിസ്ഥാനപ്പെടുത്തി നടക്കുന്നുണ്ട്.
ഹിമാലയത്തിലെ പുണ്യപവിത്രമായ നാലു ധാമങ്ങളിൽ (ചതുർധാമങ്ങൾ - കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി) ഏറ്റവും പവിത്രമായ ബദരീനാഥിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് മഹാഭാരതരചന നടന്ന ‘മന’ എന്ന ഗ്രാമം.  അവിടെയുള്ള വ്യാസഗുഹ എന്ന ഗുഹയിലിരുന്നാണത്രേ വ്യാസൻ മഹാഭാരതകഥ ചൊല്ലിയത്.  അതിനടുത്തുതന്നെയുള്ള ഗണേശഗുഹയിലിരുന്നാണത്രേ ഗണപതി അത് പകർത്തിയെഴുതിയത്.  മുഖാമുഖം കാണാതെ ‘ടെലിപ്പതി’യിലൂടെയാണ് ആശയവിനിമയം നടന്നതെന്നും വിവക്ഷയുണ്ട്.  തീർത്ഥാടകർ ഈ രണ്ടു ഗുഹകളും സന്ദർശിക്കാറുണ്ട്. 
ഉത്തരാഖണ്ഡ് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന മന ഗ്രാമം, ചൈനയുടെ അതിർത്തിയിൽ നിന്ന് 30 കിലോമീറ്റർ മാത്രം അകലെയാണ്.  പഞ്ചപാണ്ഡവർ സ്വർഗ്ഗാരോഹണം നടത്തിയത് ഈ വഴിയിലൂടെ ഹിമാലയത്തിലെത്തിയാണ്. ഭാരതത്തിന്റെ പുണ്യനദിയായ സരസ്വതി നദിയുടെ ഉത്ഭവം ഇവിടെനിന്നാണ്.  മനയിൽ നിന്നുത്ഭവിച്ച് അധികം ദൂരം എത്തും മുൻപ് അളകനന്ദയുമായി സംഗമിക്കുന്നു. പറഞ്ഞാൽ തീരാത്തത്ര കഥകളും സംഭവങ്ങളും ഇവയെ ബന്ധിപ്പിക്കുന്ന സ്ഥലങ്ങളും.... വിവരണങ്ങൾ അനന്തം തന്നെ....


പുരാണത്തിലെ മറ്റൊരു കഥയുമായി വീണ്ടും വരാം.
235/0