പുരാണപ്പെട്ടി

പുരാണപ്പെട്ടി

Monday, April 14, 2014

ദ്രോണാചാര്യർ


        മാതാ-ഗുരു-ദൈവ സങ്കൽപ്പത്തിൽ, ശ്രേഷ്ഠനായ ഗുരുവിനെക്കുറിച്ചുള്ള കഥ തന്നെയാവട്ടേ ഇത്തവണ.
        ഭാരതത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രഗൽഭനായ ഗുരുവാണ് ദ്രോണാചാര്യർ (ദ്രോണർ). ദേവഗുരുവായ ബൃഹസ്പതിയുടെ അംശാവതാരമായി ഭരദ്വാജമുനിയുടെ മകനായാണ് ദ്രോണരുടെ  ജനനം.  അഗ്നിവേശമുനിയുടെ ശിഷ്യനായിരുന്നു ദ്രോണർ.  അവിടെ സതീർത്ഥ്യനായിരുന്നു പാഞ്ചാലരാജാവിന്റെ പുത്രനായ  ദ്രുപദൻ. പഠനകാലത്തെ  ഉറ്റ സുഹൃത്തുക്കളായിരുന്നപ്പോൾ ദരിദ്രനായ ദ്രോണരുടെ അവസ്ഥയിൽ അലിവു തോന്നിയ ദ്രുപദൻ, ഭാവിയിൽ താൻ രാജാവാകുമ്പോൾ എന്തു സഹായവും ദ്രോണർക്ക് ചെയ്തുകൊടുക്കാമെന്ന് വാക്ക് കൊടുത്തു.  ഒരു ഘട്ടത്തിൽ തന്റെ രാജ്യത്തിന്റെ പകുതിപോലും നൽകാമെന്ന് ദ്രുപദൻ പറഞ്ഞത്രേ.
        കാലം കടന്നുപോയി.  ദ്രുപദൻ പാഞ്ചാലദേശത്തെ രാജാവായി.  ദ്രോണർക്കും അപ്പോഴേക്കും ഒരു കുടുംബമൊക്കെ ആയി കഴിഞ്ഞു. ഹസ്തിനപുരത്തെ രാജഗുരുവായ കൃപരുടെ സഹോദരി കൃപി ആയിരുന്നു അദ്ദേഹത്തിന്റെ ഭാര്യ; അശ്വത്ഥാമാവ് പുത്രനും. വല്ലാത്ത ദാരിദ്ര്യത്തിന്റെ മൂർദ്ധന്യത്തിൽ ഒരു നിവൃത്തിയുമില്ലാതെ വന്നപ്പോൾ അദ്ദേഹം തന്റെ പഴയ സതീർത്ഥ്യന്റെ വാക്കുകൾ ഓർത്തു.  മടിച്ചു മടിച്ചാണെങ്കിലും, വീട്ടിലെ ദാരിദ്ര്യം കാരണം ഭാര്യയും മകനും പട്ടിണിയാൽ കഷ്ടപ്പെടുന്ന അവസ്ഥതന്നെ വന്നപ്പോൾ ദ്രോണർ  ദ്രുപദസന്നിധിയിലെത്തി. എന്നാൽ രാജാധികാരത്തിന്റെ മാസ്മരികതയിൽ ദ്രുപദൻ പഴയതൊക്കെ മറന്നു.  പോരാത്തതിന് ദ്രോണരെ അപമാനിച്ചു വിടുകയും ചെയ്തു. അപമാനം സഹിക്കാതെ വന്നപ്പോൾ അത് ദ്രോണരുടെ ഉള്ളിൽ പ്രതികാരവികാരമുണ്ടാക്കി.  ദ്രുപദനെ കീഴടക്കാൻ പറ്റിയ ഒരു ശിഷ്യനു വേണ്ടിയുള്ള തീവ്രമായ ആഗ്രഹം അദ്ദേഹത്തിന് ഉണ്ടായി.
        വിശന്നു വലഞ്ഞ്, നിരാശനും ദുഃഖിതനുമായി ഹസ്തിനപുരത്ത് തിരികെയെത്തിയ ദ്രോണർ, അവിചാരിതമായി പാണ്ഡവ-കൗരവകുമാരന്മാർ വൈകിട്ട് കളിക്കുന്ന മൈതാനത്തിനരികിലൂടെ കടന്നുപോയി.  കുട്ടികൾ കളിച്ചുകൊണ്ടിരുന്ന പന്ത് ഒരു കിണറ്റിൽ വീണിരിക്കുന്നു. ആഴത്തിലുള്ള കിണറിൽ നിന്ന്  അതെടുക്കാൻ കഴിയാതെ ബാലന്മാർ നിരാശരായി നിൽക്കുന്നത് ദ്രോണരുടെ ശ്രദ്ധയിൽപ്പെട്ടു. താൻ ആ പന്ത് എടുക്കാൻ സഹായിക്കാമെന്ന് ദ്രോണർ കുട്ടികളോട് പറഞ്ഞു. കൈയ്യിൽ ആയുധമൊന്നുമില്ലാതിരുന്ന അദ്ദേഹം അതെങ്ങനെ സാധിക്കുമെന്ന് കുമാരന്മാർക്ക് കൗതുകമായി.  ദ്രോണർ തന്റെ വിരലിൽ കിടന്ന മോതിരം കൂടി കിണറ്റിലിട്ട ശേഷം കുമാരന്മാരോട് പറഞ്ഞു, “നിങ്ങളുടെ ശസ്ത്രവിദ്യാപഠനം വേണ്ടവണ്ണം ശരിയായില്ലല്ലോ കുഞ്ഞുങ്ങളേ, എനിക്ക് ഒരു ഊണ് തരാമെങ്കിൽ ഞാൻ ആ പന്തും എന്റെ മോതിരവും ഒരുമിച്ച് കിണറ്റിൽ നിന്നെടുത്തു തരാം”.  ദ്രോണർ ഒരു പുൽക്കൊടിയെടുത്ത് അസ്ത്രമന്ത്രം ജപിച്ച് കിണറ്റിനുള്ളിലേയ്ക്ക് എയ്തു.  അത് കിണറ്റിനുള്ളിലെ പന്തിൽ തറച്ചുനിന്നു.  അദ്ദേഹം അടുത്ത പൊൽക്കൊടി ആദ്യം തറച്ച പുൽക്കൊടിയുടെ പുറകിൽ എയ്ത് തറപ്പിച്ചു.  അങ്ങനെ തുടരെത്തുടരെ പുൽക്കൊടികൾ എയ്ത് കിണർക്കരയുടെ ഉയരത്തിലെത്തിയപ്പോൾ അതിൽ പിടിച്ച് പന്ത് പുറത്തെടുത്തു.  അതേ പോലെ തന്നെ തന്റെ മോതിരവും തിരികെയെടുത്തു. സന്തോഷം കൊണ്ട് തുള്ളിച്ചാടിയ കുമാരന്മാർ ഇതിന് വേറെന്ത് പ്രത്യുപകാരം ചെയ്യണമെന്ന് ദ്രോണരോട് ചോദിച്ചു.  ഇവിടെ നടന്ന സംഭവങ്ങൾ ഭീഷ്മരോട് അതേപടി അറിയിച്ചാൽ മാത്രം മതിയെന്ന് ദ്രോണർ പറഞ്ഞു. 
        വിവരമറിഞ്ഞ ഭീഷ്മർ ദ്രോണരെ കൊട്ടാരത്തിലേയ്ക്ക് ക്ഷണിച്ചുവരുത്തി പാണ്ഡവ-കൗരവകുമാരന്മാരുടെ അസ്ത്രവിദ്യാഗുരുവായി നിയമച്ചു. (മഹാഭാരതം ആദിപർവ്വം 130,131 അധ്യായങ്ങൾ)
        ശിഷ്യന്മാരിൽ അദ്ദേഹത്തിന് ഏറ്റവും ഇഷ്ടം അർജ്ജുനനോടായിരുന്നു.  അർജ്ജുനന്റെ ഏകാഗ്രതയും കഴിവും വിവരിക്കുന്ന ഒരു കഥയുണ്ട്.  ഒരിക്കൽ ശിഷ്യന്മാരുടെ അസ്ത്രവിദ്യാപാടവം പരീക്ഷിക്കുന്നതിനായി ദ്രോണർ ഒരു കൃത്രിമ പക്ഷിയെ കുമാരന്മാർ അറിയാതെ ഒരു മരത്തിനു മുകളിൽ പണിതുവച്ചു.  തുടർന്ന് ശിഷ്യന്മാരെയെല്ലാം വിളിച്ചുകൂട്ടി.  ഓരോരുത്തരെയായി അസ്ത്രവുമായി തന്റെയടുക്കൽ വരാൻ പറഞ്ഞു.  ആദ്യം ധർമ്മപുത്രരുടെ ഊഴമായിരുന്നു. ദ്രോണാചാര്യരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് പക്ഷിയുടെ കഴുത്തിൽ അമ്പെയ്ത് അതിനെ വീഴ്ത്തണമെന്ന് കൽപ്പിച്ചു.  ധർമ്മപുത്രരോട് അമ്പ് തൊടുക്കാൻ ആവശ്യപ്പെട്ടു.  ധർമ്മപുത്രർ, അമ്പ്  തൊടുത്ത് ആ പക്ഷിയെ ഉന്നം വച്ചു.  “കുമാരാ, ഇപ്പോൾ കുമാരന് എന്തൊക്കെ കാണാൻ കഴിയുന്നു?”, ഗുരു ചോദിച്ചു.  “എനിക്ക് മരത്തിലിരിക്കുന്ന പക്ഷിയെ കാണാം. പിന്നെ ആ വൃക്ഷത്തെയും, കുമാരന്മാരെയും, ആചാര്യനെയും നന്നായി കാണാം”. ഗുരു ധർമ്മപുത്രരെ തൽക്കാലം മാറ്റി നിർത്തി. തുടർന്ന് ഓരോരുത്തരെയായി അരികിൽ വിളിച്ച് ഇതേപടി ചോദ്യം ആവർത്തിച്ചു.  എല്ലാപേരും  ധർമ്മപുത്രർ പറഞ്ഞതു തന്നെ ആവർത്തിച്ചു.  ഒടുവിൽ അർജ്ജുനന്റെ ഊഴം വന്നു.  അർജ്ജുനനോടും ഗുരു ചോദ്യം ആവർത്തിച്ചു.  അർജ്ജുനൻ ഉന്നം പിടിച്ച് ഒരു മാത്ര നിന്നു. തനിക്ക് ആ പക്ഷിയെ മാത്രമേ കാണാൻ കഴിയുന്നുള്ളൂ എന്ന് പറഞ്ഞു.  ചുറ്റിലുമുള്ള ഓരോന്നും കാണാനാവുന്നുണ്ടോ എന്ന് ഗുരു ആവർത്തിച്ചു ചോദിച്ചു.  അർജ്ജുനന് മറിച്ചൊരു ഉത്തരമില്ലായിരുന്നു.  അമ്പെയ്തുകൊള്ളാൻ ഗുരു ഉടൻ നിർദ്ദേശം നൽകി. കൽപ്പന കേട്ട ഉടൻ തന്നെ അർജ്ജുനൻ ശരം പായിച്ചു.  ഒറ്റ അസ്ത്രത്തിൽ തന്നെ കഴുത്ത് മുറിഞ്ഞ് പക്ഷി നിലത്തു വീണു.  സന്തുഷ്ടനായ ദ്രോണർ, ദ്രുപദനെ ജയിക്കാൻ പോന്ന തന്റെ ശിഷ്യൻ അർജ്ജുനൻ തന്നെയാണെന്ന് മനസ്സിലാക്കുകയും പ്രിയ ശിഷ്യനെ ആലിംഗനം ചെയ്യുകയും ചെയ്തു.  ഗുരുദക്ഷിണയായി ദ്രുപദനെ പിടിച്ചുകെട്ടി തന്റെ മുന്നിലെത്തിക്കാൻ ദ്രോണർ ആവശ്യപ്പെട്ടത് പ്രധാനമായും അർജ്ജുനനോടായിരുന്നത്രേ. 

        ദ്രോണാചാര്യർക്ക് ഏറ്റവും പ്രിയപ്പെട്ട ശിഷ്യൻ അർജ്ജുനനായിരുന്നല്ലോ.   തന്റെ സ്വന്തം മകനെക്കാളുമധികം ശിഷ്യന്മാരിൽ അദ്ദേഹം സ്നേഹിച്ചത്  അർജ്ജുനനെയായിരുന്നു. അതുപോലെ തന്നെ ദ്രോണരെ ഗുരുവായി സങ്കൽപ്പിച്ച് അസ്ത്രവിദ്യ അഭ്യസിച്ച ശേഷം  ഗുരുദക്ഷിണയായി ഗുരുവിന്റെ ആവശ്യപ്രകാരം തന്റെ വലതു കൈയ്യിലെ പെറ്റുവിരൽ മുറിച്ചു നൽകിയ ഏകലവ്യന്റെ കഥ പിന്നീടൊരവസരത്തിൽ പറയാം. 
ഭാരതം ആദരിക്കുന്ന ശ്രേഷ്ഠനായ ഈ ഗുരുവരന്റെ ആദരവായി ഭാരത സർക്കാർ ഏറ്റവും നല്ല കായികാധ്യാപകന് (Sports Coach) നൽകുന്ന ബഹുമതിയാണ് ദ്രോണാചാര്യ അവാർഡ്.  1985ൽ ഏർപ്പെടുത്തിയ ഈ  അവാർഡ് ജേതാവിന് ദ്രോണാചാര്യരുടെ പ്രതീകമായ വെങ്കലപ്രതിമയും  പ്രശസ്തിപത്രവും അഞ്ച് ലക്ഷം  രൂപയും സമ്മാനമായി ലഭിക്കും.  കേരളത്തിന്റെ പ്രിയപുത്രി പി.ടി.ഉഷയുടെ കോച്ച് ആയിരുന്ന ശ്രീ.ഒ.എം.നമ്പ്യാർക്കാണ് ആദ്യമായി ദ്രോണാചാര്യ അവാർഡ് ലഭിച്ചത്. 

        അതുപോലെ തന്നെ ഏറ്റവും മികച്ച കായികതാരത്തിനുള്ള അവാർഡ് 1961ൽ ഏർപ്പെടുത്തിയ അർജ്ജുന അവാർഡാണ്.  അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും അർജ്ജുന്റെ പ്രതീകമായ വെങ്കലപ്രതിമയും അടങ്ങുന്നതാണ് അവാർഡ്.  ഭാരതത്തിന്റെ ചരിത്രത്തിൽ ഏറ്റവും മഹത്തായ ഗുരു-ശിഷ്യ ബന്ധമായി ദ്രോണാചാര്യരുടെയും അർജ്ജുനന്റെയും ബന്ധത്തിനുള്ള അംഗീകാരമായി ഇതിനെ കാണാം.
        665