മാതാ-പിതാ, ഗുരു, ദൈവം എന്ന സങ്കൽപ്പത്തിൽ ഇനി ദൈവസങ്കൽപ്പത്തിന്റെ വ്യാപ്തി മനസ്സിലാക്കിത്തരുന്ന ഒരു കഥയാവാം. സർവ്വവും ഈശ്വര സൃഷ്ടിയാണെന്നും മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും, സർവ്വചരാചരങ്ങളിലും ദൈവമുണ്ടെന്നുമുള്ള സന്ദേശം....
കശ്യപന്റെ (വിഷ്ണുവിൽ നിന്ന്
ബ്രഹ്മാവ് – മരീചി – കശ്യപൻ)പുത്രന്മാരായിരുന്നു ഹിരണ്യാക്ഷനും ഹിരണ്യകശിപുവും. ഹിരണ്യാക്ഷൻ കഠിന തപസ്സിലൂടെ ബ്രഹ്മാവിൽ നിന്ന്
അനേകം വരങ്ങൾ നേടുകയും അവ ദുരുപയോഗപ്പെടുത്തി ഭൂമിയിൽ നാശം വിതക്കുകയും ചെയ്തു. തുടർന്ന് മഹാവിഷ്ണു വരാഹാവതാരം എടുത്താണ് അവനെ നിഗ്രഹിച്ചത്.
അസുരരാജാവായിരുന്ന ഹിരണ്യകശിപുവിന്റെ മകനായിരുന്നു പ്രഹ്ലാദൻ. ഹിരണ്യകശിപു ക്രൂരനായിരുന്നു. തന്റെ സഹോദരനായ ഹിരണ്യാക്ഷനെ വധിച്ചതിനാൽ മഹാവിഷ്ണുവിനോട്
അടങ്ങാത്ത പക അയാൾക്കുണ്ടായിരുന്നു. നാരദന്റെ ഭക്തയായിരുന്നു പ്രഹ്ലാദന്റെ മാതാവ് കയാധു. പ്രഹ്ലാദനെ ഗർഭം ധരിച്ചിരുന്ന അവസരത്തിൽ നാരദർ ഗർഭസ്ഥശിശുവിന്
ആത്മജ്ഞാനതത്വങ്ങളും വേദതത്വങ്ങളും ധർമ്മനീതിയും ഉപദേശിച്ചു. പ്രഹ്ലാദൻ ബാല്യം മുതൽക്കേ തന്നെ വലിയ വിഷ്ണുഭക്തനായിരുന്നു.
പ്രഹ്ലാദന്റെ വിദ്യാഭ്യാസത്തിനുള്ള സമയം വന്നെത്തി. ഹിരണ്യകശിപു കൊട്ടാരത്തിലെ ചുമതലപ്പെട്ടവരെ വിളിച്ച്
പ്രഹ്ലാദന്റെ വിദ്യാഭ്യാസ ചുമതല ഏൽപ്പിച്ചു.
‘നാരായണ നമഃ’ എന്ന ശബ്ദം ഉരുവിട്ടുപോകരുതെന്നും അതിനു പകരം ‘ഹിരണ്യായ നമഃ’ എന്നു
മാത്രമേ ചൊല്ലി പഠിപ്പിക്കാവൂ എന്ന നിർദ്ദേശവും കൊടുത്തു. മാത്രമല്ല, വിഷ്ണുനാമം ആ രാജ്യത്തു നിന്നു തന്നെ
തുടച്ചുനീക്കി. പ്രഹ്ലാദൻ ഗുരുവിന്റെ ഗൃഹത്തിൽ
താമസിച്ച് വിദ്യ അഭ്യസിച്ചുപോന്നു. അങ്ങനെയിരിക്കെ
ഒരു ദിവസം ഗുരുവിന്റെ കൂടെ അച്ഛനെ കാണാനായി കൊട്ടാരത്തിൽ എത്തി. മദ്യപാനത്തിൽ മുഴുകിയിരിക്കുകയായിരുന്നു ഹിരണ്യകശിപു
ആ സമയം. തന്റെ കാൽക്കൽ വീണു വണങ്ങിയ തേജസ്വിയായ
പുത്രനെ ആലിംഗനം ചെയ്തു കൊണ്ട് ഹിരണ്യകശിപു, അതുവരെ പഠിച്ച സുഭാഷിതങ്ങളിൽ ഒന്ന് ചൊല്ലി
കേൾപ്പിക്കാൻ ആവശ്യപ്പെട്ടു. പ്രഹ്ലാദൻ ഇങ്ങനെ
പറഞ്ഞു, “ആദിമദ്ധ്യാന്തങ്ങളില്ലാത്തവനും ഉൽപ്പത്തി-വൃദ്ധി-ക്ഷയരഹിതനും സർവ്വപ്രപഞ്ചത്തെയും
രക്ഷിച്ചു ഭരിക്കുന്നവനും സർവ്വത്തിന്റെയും മൂലകാരണമായിട്ടുള്ളവനുമായ മഹാവിഷ്ണുവിനെ
ഞാൻ നമസ്കരിക്കുന്നു”
വിഷ്ണുസ്തുതി കേട്ട് ഹിരണ്യൻ കോപം കൊണ്ട് ജ്വലിച്ചു. എന്നിട്ട് ഗുരുവിന്റെ നേർക്ക് ആക്രോശിച്ചു. ഭയന്നു വിറച്ച ഗുരു, പ്രഹ്ലാദനെ താൻ വിഷ്ണുസ്തുതിയൊന്നും
പഠിപ്പിച്ചിട്ടില്ലെന്നു സത്യം ചെയ്തു. പിന്നെ
ആരാണ് ഈ ബാലനെ ഇത് പഠിപ്പിച്ചതെന്ന് പ്രഹ്ലാദനോടു
തന്നെ ചോദിച്ചു. മഹാവിഷ്ണു തന്റെ ഹൃദയത്തിൽ
തോന്നിക്കുന്നതാണ് ഇതൊക്കെയെന്ന് പ്രഹ്ലാദൻ
മറുപടി പറഞ്ഞു. തുടർന്ന് അച്ഛനും മകനും തമ്മിൽ ഇതേച്ചൊല്ലി രൂക്ഷമായ വാദപ്രതിവാദം തന്നെ
നടന്നു. അവനെ ഒന്നുകൂടി നന്നാക്കാൻ ശ്രമിക്കാൻ
പറഞ്ഞ് ഒരിക്കൽ കൂടി ഗുരുവിനൊപ്പം കൂട്ടിവിട്ടു.
വളരെ നാൾ കഴിഞ്ഞ് ഹിരണ്യൻ പ്രഹ്ലാദനെ വിളിച്ചു വരുത്തി. പഠിച്ചതൊക്കെ
അറിയാനായി ഒന്നുരണ്ട് ശ്ലോകം ചൊല്ലാൻ ആവശ്യപ്പെട്ടു. പ്രഹ്ലാദൻ വിഷ്ണുസ്തുതിപരമായ ശ്ലോകങ്ങൾ ചൊല്ലി. മഹാവിഷ്ണുവിനോടുള്ള കോപം മൂലം അന്ധനായ ഹിരണ്യന്റെ
മുന്നിൽ പുത്രസ്നേഹം തന്നെ ഇല്ലാതായി. വിഷ്ണുഭക്തനായതിനാൽ
പ്രഹ്ലാദനെ വധിക്കാൻ തന്നെ അദ്ദേഹം ഉത്തരവിട്ടു.
(വിഷ്ണുപുരാണം ഒന്നാം അംശം പതിനേഴാം അദ്ധ്യായം)
രാജാവിന്റെ ആജ്ഞ കേട്ടയുടൻ തന്നെ പടയാളികൾ ആയുധങ്ങളുമായി പ്രഹ്ലാദനെ
വളഞ്ഞു. പ്രഹ്ലാദൻ വളരെ ശാന്തനായി അവരെ നോക്കി
പറഞ്ഞു, “സുഹൃത്തുക്കളേ, മഹാവിഷ്ണു ഈ ആയുധത്തിലുണ്ട്, നിങ്ങളിലുണ്ട്, എന്നിലുമുണ്ട്. അതിനാൽ നിങ്ങളുടെ ആയുധങ്ങൾ എന്നെ മുറിപ്പെടുത്താതിരിക്കട്ടെ”. ഇതൊന്നും പ്രഹ്ലാദനെ ബാധിച്ചില്ല; മാത്രമല്ല അദ്ദേഹം
കൂടുതൽ ബലവാനാകുകയും ചെയ്തു. തുടർന്ന് തക്ഷകൻ ഉൾപ്പെടെയുള്ള ഉഗ്രസർപ്പങ്ങളെ വിട്ട് പ്രഹ്ലാദനെ കീഴടക്കാൻ ഹിരണ്യകശിപു ശ്രമിച്ചു, ഇവിടെയും ഫലം മറിച്ചായിരുന്നില്ല; മഹാവിഷ്ണുവിനെ ധ്യാനിച്ചിരുന്ന
പ്രഹ്ലാദനെ ആക്രമിച്ച സർപ്പങ്ങളുടെ പല്ലുകൾ കൊഴിയുകയും തലയിലുള്ള രത്നങ്ങൾ പൊട്ടിത്തെറിക്കുകയും
ചെയ്തു. മഹാവിഷ്ണുവിനോടുള്ള വിരോധം ഒന്നുകൊണ്ടു മാത്രം പിന്നെയും പലപല തരത്തിൽ ഹിരണ്യൻ
പ്രഹ്ലാദനെ ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
എല്ലാം വിഫലമാകുകയായിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം കോപം കൊണ്ട് ജ്വലിച്ച ഹിരണ്യൻ, ആക്രോശിച്ചുകൊണ്ട്
പ്രഹ്ലാദനോട്, ഇത്രയൊക്കെ ശക്തനാണെങ്കിൽ നിന്റെ വിഷ്ണു എവിടെയുണ്ടെന്ന് കാട്ടിത്തരാൻ
പറഞ്ഞു. വളരെ ശാന്തനായി പ്രഹ്ലാദൻ, “ഭഗവാൻ
മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ഉണ്ട്” എന്നു പറഞ്ഞു. “ഈ തൂണിലും ഉണ്ടോ?”, ഹിരണ്യകശിപു കോപം കൊണ്ട് ജ്വലിച്ചു. “തീർച്ചയായും, ഭഗവാൻ സർവ്വവ്യാപിയാണ്” പ്രഹ്ലാദൻ
പറഞ്ഞു. എന്നാൽ പിന്നെ കാണണമല്ലോ എന്നാക്രോശിച്ചു
കൊണ്ട് ഹിരണ്യൻ തന്റെ വാളെടുത്ത് അടുത്ത് കണ്ട തൂണിൽ ആഞ്ഞു വെട്ടി. ഉടൻ തന്നെ മഹാവിഷ്ണു, ഉഗ്രമൂർത്തിയായ നരസിംഹത്തിന്റെ
രൂപത്തിൽ ആ തൂണിൽ നിന്ന് പുറത്തേയ്ക്ക് വന്നു.
തീ തുപ്പുന്ന കണ്ണുകൾ, രക്തമൊലിക്കുന്ന കഠാരപോലുള്ള നാവ്, രണ്ട് വശത്തേയ്ക്കും
വളഞ്ഞു നിൽക്കുന്ന ദംഷ്ട്രകൾ, ആയിരം കോടി സൂര്യന്മാർ ഒരുമിച്ചു ജ്വലിക്കുന്നപോലുള്ള തീഷ്ണശോഭയുള്ള ശരീരം….. ആ ഉഗ്രരൂപത്തെ നോക്കിനിൽക്കാൻ
പ്രഹ്ലാദനു മാത്രമേ കഴിഞ്ഞുള്ളു. നരസിംഹം ഹിരണ്യകശിപുവിന്റെ മേൽ ചാടിവീണ്, മാറുപിളർന്ന്
അവനെ നിഗ്രഹിച്ചു. ക്ഷണനേരം കൊണ്ട് എല്ലാം
അവസാനിച്ചു. അനന്തരം, പ്രഹ്ലാദനെ അനുഗ്രഹിച്ച
ശേഷം, അവതാരോദ്ദേശം നിറവേറ്റിയതിനാൽ അന്തർധാനം ചെയ്തു.
തിന്മയ്ക്കുമേൽ നന്മയുടെ ആത്യന്തിക വിജയവും, ദൈവം സർവ്വവ്യാപിയാണെന്നുമുള്ള
സന്ദേശമാണ് ഈ കഥ. ആരെയും അനാവശ്യമായി അവഹേളിക്കുകയും
അപായപ്പെടുത്തുകയും ചെയ്യാതിരിക്കുക. ഗർഭാവസ്ഥയിൽ
തന്നെ നാരദനിൽ നിന്ന് പകർന്നു കിട്ടിയ ജ്ഞാനമാണല്ലോ പ്രഹ്ലാദനെ ഇത്രേം സാത്വികനാക്കിയത്. അതായത് വളരെ കുഞ്ഞുനാളിൽ തന്നെ, വാക്കുകൊണ്ടും,
പ്രവൃത്തി കൊണ്ടും, എന്തിന്, ചിന്തകൊണ്ടു പോലും നല്ലത് ചെയ്താൽ, എന്നും അതിന്റെ ഫലം നന്മതന്നെ ആയിരിക്കും.
838
838
തിന്മയ്ക്കുമേൽ നന്മയുടെ ആത്യന്തിക വിജയവും, ദൈവം സർവ്വവ്യാപിയാണെന്നുമുള്ള സന്ദേശമാണ് ഈ കഥ. ആരെയും അനാവശ്യമായി അവഹേളിക്കുകയും അപായപ്പെടുത്തുകയും ചെയ്യാതിരിക്കുക. ഗർഭാവസ്ഥയിൽ തന്നെ നാരദനിൽ നിന്ന് പകർന്നു കിട്ടിയ ജ്ഞാനമാണല്ലോ പ്രഹ്ലാദനെ ഇത്രേം സാത്വികനാക്കിയത്. അതായത് വളരെ കുഞ്ഞുനാളിൽ തന്നെ, വാക്കുകൊണ്ടും, പ്രവൃത്തി കൊണ്ടും, എന്തിന്, ചിന്തകൊണ്ടു പോലും നല്ലത് ചെയ്താൽ, എന്നും അതിന്റെ ഫലം നന്മതന്നെ ആയിരിക്കും.
ReplyDeleteവളരെ നല്ല ഗുണപാഠം. തീർച്ചയായും വളർന്നു വരുന്ന തലമുറയ്ക്ക് അന്യം നിന്നുപോകുമായിരുന്ന പുരാണാഖ്യാനങ്ങളെ നന്മയുടെ മേമ്പൊടി ചാലിച്ച് ജഞാനത്തിന്റെ പന്ഥാവിലൂടെ നടത്തി പ്രപഞ്ചശക്തിയെ തിരിച്ചറിയാൻ പ്രേരിപ്പിച്ച് തിന്മയുടെ പരാജയം സുനിശ്ചിതമെന്ന് ഉദ്ഘോഷിച്ച്, എന്നായാലും വിജയം നന്മയ്ക്കു തന്നെ എന്നു വരച്ചുകാട്ടുന്ന ഈ അമൂല്യ സൃഷ്ടിക്ക് ആയിരമായിരം പൂച്ചെണ്ടുകൾ.
ReplyDeleteThis comment has been removed by the author.
ReplyDeleteനന്നായി...
ReplyDeleteകൊളളാം.. ഗർഭാവസ്ഥയിൽ മ്യൂസിക് തെറാപ്പി ഒക്കെ നല്ലതാണെന്ന് ഇപ്പൊ പറയാരുള്ളതിന്റെ പിന്നിലുള്ള ആശയം ഇത് തന്നെയാണ്.. അഭിമന്യു പത്മവ്യൂഹം പഠിച്ചതും ഗർഭാവസ്ഥയിൽ ആയിരുന്നപ്പോൾ ആണല്ലോ..
ReplyDeleteExcellent and informative writings.
ReplyDelete